Thursday, 31 January 2019

ആശ്രിതനിയമനം -അറിഞ്ഞതും അറിയേണ്ടതും*

*ആശ്രിതനിയമനം -അറിഞ്ഞതും അറിയേണ്ടതും*

കേരള പി.എസ്.സിയില്‍ 25 ലക്ഷത്തിലധികം തൊഴില്‍തേടി നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പി.എസ്.സി നടത്തുന്ന ഒരു സാധാരണ പ്യൂണ്‍ തസ്തികയിലേക്കുള്ള പരീക്ഷക്കിരിക്കുന്നത് 15 ലക്ഷത്തിലധികം യുവജനങ്ങളാണ്. 17 ലക്ഷത്തിലധികം പേരാണ് പാവങ്ങളുടെ ഐ.എ.എസ് എന്നറിയപ്പെടുന്ന എല്‍.ഡി.സി പരീക്ഷക്കിരിക്കുന്നത്. പി.എസ്.സി നടത്തുന്ന ഡിഗ്രിതല പരീക്ഷകള്‍ 7 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്നു.
കണക്കുകള്‍ സത്യത്തിന് നേരെ പിടിച്ച കണ്ണാടിയാണ്. ഈ കണക്കുകള്‍ നമുക്ക് മുന്നില്‍ വലിയൊരു യാഥാര്‍ത്ഥ്യമാണ് വെളിപ്പെടുത്തുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ എത്തിച്ചേരാന്‍ യുവാക്കള്‍ നടത്തുന്ന മത്സരത്തിന്റെ തീവ്രതയും അതിനായി അവരൊഴുക്കുന്ന വിയര്‍പ്പിന്റെ മൂല്യവും തന്നെയാണത്.

 *_പി.എസ്.സി നോക്കുകുത്തി_*
—————————————-
ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയെ മൂലക്കിരുത്തി കൊണ്ടാണ് സ്വജനപക്ഷാപാതികളായ അധികാരികള്‍ ആശ്രിതനിയമന മാമാങ്കം നടത്തുന്നത്. പി.എസ്.സി പരീക്ഷയിലെ ശക്തമായ മത്സരത്തെ അതിജീവിച്ച് സുദീര്‍ഘവും കെട്ടുപാടുകള്‍ നിറഞ്ഞതുമായ നിയമനപ്രക്രിയ വഴി ഒരു ഉദ്യോഗാര്‍ത്ഥി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന കുറഞ്ഞ പ്രായം 25-30 വയസാണ്.
എന്നാല്‍ ആശ്രിതനിയമനം വഴി യാതൊരു വിധ സ്‌ക്രീനിങിനും വിധേയമാകാതെ ഒരു വിഭാഗം 18-20 വയസിനുള്ളില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നു. ഇത് ഇത്തരക്കാര്‍ക്ക് മറ്റുള്ളവരേക്കാള്‍ സര്‍വീസില്‍ 10-12 വര്‍ഷത്തെ മുന്‍തൂക്കം നേടുന്നതിനും അതുവഴി സ്ഥാനക്കയറ്റങ്ങള്‍ അനര്‍ഹമായി നേടുന്നതിന് സഹായകരമാകുന്നു. കൂടാതെ ഗസറ്റഡ് റാങ്കിലുള്ള ഉന്നത തസ്തികകള്‍ കയ്യേറുന്നതിന് അവരെ പ്രാപ്തരാക്കുന്നു.
സര്‍ക്കാര്‍ സര്‍വ്വീസിലെ അധ്യാപക-ആരോഗ്യ വിഭാഗത്തിലെ തസ്തികള്‍ ഒഴികെ ബാക്കിയെല്ലാ ഗസറ്റഡ് തസ്തികകളുടെയും 80 ശതമാനത്തിലേറെ കയ്യടക്കി വെച്ചിരിക്കുന്നത് ആശ്രിതനിയമനം വഴി ജോലിയില്‍ പ്രവേശിച്ച ജീവനക്കാരാണ്.

 _*തുല്യനീതിയുടെ ലംഘനം*_
—————————————-
ആശ്രിത-പി.എസ്.സി നിയമനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഈ അജഗജാന്തര വ്യത്യാസം സ്ഥാനക്കയറ്റം, സര്‍വീസ് ആനൂകുല്യങ്ങള്‍ പി.എസ്.സി വഴി നിയമനം ലഭിക്കുന്നവരെ പിന്നാക്കം വലിക്കാന്‍ കാരണമാകുന്നു. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതിയുടെ നഗ്നമായ ലംഘനമാണ്.അതേ പോലെ തന്നെ 70 ശതമാനം ആശ്രിത നിയമനവും നടക്കുന്നത് ഏൽ ഡി ക്ലർക് തസ്തികയിലാണ്. ഓരോ വർഷവും psc നിയമനത്തോടൊപ്പം വരും ആശ്രിത നിയമനവും. കൃത്യമായ കണക്കുകൾ പരിശോധിച്ചാൽ ഇത് മനസ്സിലാവുന്നതാണ്. അതു കൊണ്ടാണ് ഓരോ വർഷം കഴിയുമ്പോഴും കഴിഞ്ഞ വര്ഷങ്ങളെക്കാൾ എൽ ഡി ക്ലർക് നിയമനങ്ങൾ കുറഞ്ഞു വരാൻ കാരണം
സർക്കാർ ഉദ്യോഗസ്ഥന്റെ ആശ്രിതർക്ക് യാതൊരു വിധ സാമ്പത്തിക മാനദണ്ഡവും നോക്കാതെ ജോലിയോടൊപ്പം കുടുംബത്തിലെ ഒരാൾക്ക് ഫാമിലി പെൻഷനും ലഭിക്കുന്നുണ്ട്. നിലവിൽ8500 +15%DA ആണ് ഏറ്റവും കുറഞ്ഞ പെൻഷൻ. നമ്മളിൽ എത്രപേർക്ക് ഈ വരുമാനം ഉണ്ട്?
 _*അഴിമതിയും കെടുകാര്യസ്ഥതയും*_
—————————————-
പൊതുജനങ്ങളെ ബന്ധികളാക്കികൊണ്ട് സര്‍ക്കാര്‍ സര്‍വീസില്‍ ഇന്ന് കൊടികുത്തി വാഴുന്ന അഴിമതിക്കും കെടുകാര്യസ്ഥതക്കുമുള്ള മുഖ്യകാരണം ആശ്രിതനിയമന വ്യവസ്ഥയാണ്. അഴിമതിക്കാരിലെ ബഹുഭൂരിപക്ഷവും ആശ്രിതനിയമനം വഴി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചവരാണ്.
ഓസിനു കിട്ടിയ ജോലിയെ ഒരു കറപ്പശുവായി കണക്കാക്കി പൊതുജനസേവനത്തിനു പകരം പൊതുജനങ്ങളുടെ രക്തമൂറ്റല്‍കാരായി അവര്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നു.

 _*അനാകര്‍ഷകം; സേവനസന്നദ്ധര്‍ പിന്തിരിയുന്നു*_
—————————————-
സേവന-വേതന വ്യവസ്ഥകളിലും സ്ഥാനക്കയറ്റങ്ങളിലും നിലവിലുള്ള അന്തരം സേവനസന്നദ്ധരായ സര്‍ക്കാര്‍ ജീവനക്കാരില്‍ പോലും മടുപ്പുളവാക്കുന്നതിന് കാരണമാകുന്നു. പിന്നെയും ബാക്കിയുള്ള സേവനസന്നദ്ധര്‍ക്ക് സര്‍ക്കാര്‍ സര്‍വീസ് പ്രവേശനം ആശ്രിതനിയമനം അവസരസമത്വം ഇല്ലാതാകുന്നത് വഴി മരീചികയായി മാറുന്നു.
കൂടാതെ ആശ്രിതനിയമനം വഴി നിയമനം നേടുന്ന വിഭാഗത്തില്‍ ബഹുഭൂരിപക്ഷവും പ്രസ്തുത തസ്തികയ്ക്ക് അനുയോജ്യരല്ലാത്തവരും തൊഴില്‍ നൈപുണിയില്ലാത്തവരുമാണ്. ഇത് ഒരു സേവനമേഖല എന്ന നിലയില്‍ സര്‍ക്കാര്‍ സര്‍വീസിനെ ദുഷിപ്പിക്കുന്നു.

 _*ബദല്‍മാര്‍ഗങ്ങള്‍ സാധ്യമോ?*_
—————————————-
അകാലത്തില്‍ അന്നദാതാവിനെ നഷ്ടപ്പെട്ട ആശ്രിതരുടെ ജീവിതം സുരക്ഷിതമാക്കുന്നതിന് സ്വജനപക്ഷാപാതത്തിനും കെടുകാര്യസ്ഥതക്കും തുല്യനീതിയുടെ ലംഘനത്തിനും വഴി വെക്കുന്ന ആശ്രിതനിയമനം എന്ന ചെപ്പടിവിദ്യ അഭയം കൊള്ളാതെ ഗവണ്‍മെന്റുകള്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു കൂടേ എന്നതാണ് ഉയരുന്ന ചോദ്യം. ഒരുപാട് വഴികള്‍ ഉണ്ട് എന്നതാണ് വാസ്തവം.

 _*കോര്‍പസ് ഫണ്ട് രൂപീകരണം*_
—————————————-
അകാലത്തില്‍ മരണമടയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കുന്നതിനായി Untimely Death Compensation Fund(UDCF) എന്ന പേരില്‍ കോര്‍പസ് ഫണ്ട് രൂപീകരിക്കുന്നതിന് ഗവണ്‍മെന്റുകള്‍ക്ക് സത്വരനടപടികള്‍ സ്വീകരിക്കാവുന്നതാണ്. ആശ്രിതര്‍ക്ക് ഇന്നത്തെ മൂല്യത്തില്‍ ചുരുങ്ങിയത് 1 കോടി രൂപയെങ്കിലും നഷ്ടപരിഹാരം കിട്ടത്തക്കവിധം പദ്ധതി വിഭാവനം ചെയ്യാവുന്നതാണ്.
പ്രസ്തുത ഫണ്ടിലേക്ക് എല്ലാ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പ്രതിമാസം തുച്ഛമായ 100 രൂപ വീതം വിഹിതം നിശ്ചയിച്ചാല്‍ പോലും പ്രതിവര്‍ഷം 66 കോടിയിലധികം വന്നു ചേരുന്നതാണ്. സര്‍ക്കാരിനെ സേവിച്ച അകാലത്തില്‍ മരണമടഞ്ഞ ജീവനക്കാരനു വേണ്ടി ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പ്രണാമമായിരിക്കുമത്.

No comments:

Post a Comment